Home » ചരിത്രം
പമ്പാ നദി
Category :- ചരിത്രം Author :- Roshan George 
Posted on September 27, 2012, 2:58 pm

പമ്പാ നദി

 

Click to Enlarge!

കേരളത്തിലെ പ്രധാന നദികളില്‍ മൂന്നാം സ്ഥാനമേ പമ്പക്ക് അവകാശപ്പെടാനുള്ളു എങ്കിലും സംസ്കാരിക പെരുമയില്‍ മറ്റെല്ലാ നദികളേയും അതിന്റെ തീരങ്ങളേയും കടത്തിവെട്ടി എന്നും ഒന്നാം സ്ഥാനത്ത് വിരാചിക്കുന്ന നദിയാണ് പമ്പ. പൌരാണികമായും ചരിത്ര പരമായും പമ്പക്ക് അതിന്റേതായ സ്ഥാനം അവകാശപ്പെടാനുണ്ട്. ഇന്‍ഡ്യന്‍ മിത്തുകളോടും കേരളത്തിന്റെ ചരിത്രത്തോടും ചേര്‍ത്തു വായിക്കാവുന്ന വൈവിദ്ധ്യമാര്‍ന്ന സ്മാരകങ്ങളാലും, ആഘോഷങ്ങളാലും കേരളത്തിന്റെ നിറ സാന്നിദ്ധ്യമാണ് പമ്പ. പമ്പാനദിയെ ഒഴിച്ചു നിര്‍ത്തി പറയാന്‍ കഴിയുന്ന ഒരു ഇതിഹാസമോ, ചരിത്ര സംഭവങ്ങളോ കേരളത്തില്‍ ഉണ്ടാകാന്‍ സാദ്ധ്യതയില്ല തന്നെ.

സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1700 അടിയോളം ഉയരത്തില്‍ പീരുമേടിലെ പുളിച്ചി മലയില്‍ നിന്ന് ഉത്ഭവിക്കുന്ന നദിയെ പുണ്യനദി ആക്കി മാറ്റുന്നത് അതിന്റെ ഇരുകരകളും പുല്‍കി നില്‍ക്കുന്ന വിവിധ ആരാധനാലയങ്ങളും, അതിന്റെ ഭാഗമായി പമ്പാനദിയുടെ തന്നെ വിരിമാറില്‍ കൊണ്ടാടപ്പെടുന്ന ആഘോഷങ്ങളുമാണ്. അതിനാല്‍ തന്നെ ദക്ഷിണ ഗംഗ എന്ന അപര നാമധേയത്തിലും ഈ നദി അറിയപ്പെടുന്നു.

പമ്പാനദിയുടെ ഏതാണ്ട് ഉല്‍ഭവ സ്ഥാനത്ത് തന്നെ സ്ഥിതി ചെയ്യുന്ന ലോകപ്രശസ്തമായ ശബരിമല ക്ഷേത്രം പമ്പയുടെ പുണ്യനദി എന്ന പേരിനു മകുടം ചാര്‍ത്തുന്നു. ശബരിമലയുടെ ചരിത്രത്തിനും ഇന്നു നിലനില്‍ക്കുന്ന ആഘോഷങ്ങള്‍ക്കും പമ്പാനദിയുടെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണ്. ശബരിമലയിലെ മണ്ഡല മഹോത്സവം തുടങ്ങുന്നതിന്റെ പ്രാധമിക പൂജകള്‍ തുടങ്ങുന്നതും, മണ്ഡലകാലം അവസാനിക്കുമ്പോള്‍ ഉള്ള ആറാട്ട് മഹോത്സവത്തിന്റെ അവസാന ചടങ്ങുകളും നടക്കുന്നത് പമ്പാനദിയിലാണ്. പന്തളം രാജവംശത്തില്‍ ഇളമുറയില്ലാതെ പരിതപിച്ചിരുന്ന കാലത്ത് മണികണ്ഠന്‍ എന്ന ഇന്നത്തെ ശബരിമലയിലെ ആരാധനാ മൂര്‍ത്തിയെ രാജാവ് പമ്പാതീരത്തു നിന്നു കണ്ടെത്തി എന്ന ഐതീഹ്യം നിലനില്‍ക്കുന്നു. അങ്ങനെ ശബരിമല ക്ഷേത്രത്തിന്റെ ഉത്ഭവം പോലും പമ്പയെ ചുറ്റി പറ്റി നിലനില്‍ക്കുന്നു.

പീരുമേട്ടിലെ പുളിച്ചിമലയില്‍ നിന്ന് ഉത്ഭവിക്കുന്ന പമ്പയ്ക്ക് ഏതാണ്ട് നൂറ്റി എണ്‍പത് കിലോമീറ്ററോളം നീളമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ പെടുന്ന റാന്നി, പത്തനംതിട്ട, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കുട്ടനാട്, അമ്പലപ്പുഴ എന്നീ താലൂക്കുകളില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ച് അവസാനം പടിഞ്ഞാറ് വേമ്പനാട്ടു കായലില്‍ പതിക്കും വരെ പമ്പ ഇരുകരകളിലും ഉള്ള ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം മാതാവിന്റെ സുഖമുള്ള തഴുകലിന്റെ പകരക്കാരിയായി മാറുന്നു. പേരുകേട്ട കുട്ടനാടന്‍ പാടശേഖരങ്ങള്‍ക്ക് ഊര്‍ജ്ജവും, ആത്മാവും പകരുന്നതും പമ്പ തന്നെ.

മത സൌഹാര്‍ദത്തിനു പേരുകേട്ട മദ്ധ്യതിരുവിതാംകൂറിലെ വിവിധ മത ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും വേദിയാവുന്നതും പമ്പാനദി തന്നെ. ലോക ടൂറിസം ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ച ഇന്‍ഡ്യയിലെ തന്നെ അപൂര്‍വ്വം ആഘോഷങ്ങള്‍ പമ്പാനദിയുടെ വിരിമാരിലും തീരങ്ങളിലുമായി കൊണ്ടാടപ്പെടുന്നു. അതില്‍ അതി പ്രധാനമായത് ആറന്മുള വള്ളം കളി തന്നെ. ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളില്‍ അരങ്ങേറുന്ന പ്രസ്തുത ദൃശ്യവിരുന്ന് മാത്രം മതിയാവും പമ്പ എന്ന നദിക്ക് അഭിമാനത്തോടെ തന്റെ പ്രാതിനിധ്യം ലോകത്തോട് വിളിച്ചു പറയാന്‍. നാല്‍പ്പതില്‍ പരം പള്ളിയോടങ്ങള്‍ ആഘോഷിച്ചു തിമിര്‍ക്കുന്ന ആറന്മുള വള്ളം കളി മാത്രമല്ല ആറന്മുള ക്ഷേത്ര ഉല്‍പ്പത്തിയെ പറ്റിയുള്ള കഥകളിലും പമ്പയാണ് നായക സ്ഥാനത്ത്.

എല്ലാ ഫെബ്രുവരി മാസങ്ങളും അരങ്ങേറുന്ന മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ആണ് പമ്പാതീരത്തെ ലോകപ്രശസ്തമാക്കുന്ന മറ്റൊരാഘോഷം. 1896 ല്‍ തുടങ്ങി 2010 ല്‍ കഴിഞ്ഞ ഈ വര്‍ഷത്തെ കണ്‍‌വെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങാതെ നൂറ്റിപതിനാലാം പിറന്നാള്‍ ആഘോഷിച്ച മാരാമണ്‍ കണ്‍‌വെന്‍ഷന്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൃസ്തീയ കൂട്ടായ്മ ആണെന്നറിയുമ്പോള്‍ പമ്പാ നദിക്കു അതുവഴി കിട്ടുന്ന ലോക പ്രശസ്തി വിസ്മരിക്കുക പ്രയാസം.

പമ്പാനദിക്കരയില്‍ സംഘടിപ്പിക്കുന്ന മറ്റൊരാഘൊഷമാണ് ചെറുകോല്‍പ്പുഴ ഹിന്ദു മത കണ്‍വെന്‍ഷന്‍. ഒരാഴ്ച്ച കാലാവധിയില്‍ എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഈ ചടങ്ങും ലോക ശ്രദ്ധ പിടിച്ചു പറ്റിയതു തന്നെ. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രഭാഷണത്തിന് എത്തുന്ന പണ്ഡിതന്മാര്‍ ഒരര്‍ത്ഥത്തില്‍ പമ്പയുടെ നാനാര്‍ത്ഥത്തില്‍ ഏകത്വത്തിന്റെ സന്ദേശവാഹകരായി മാറുകയാണ്.

ലോക പ്രശസ്ത ആരാധനാലയമായ പരുമലപ്പള്ളി, കൃസ്തു ശിഷ്യനായ സെന്റ് തോമസ് സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന നിരണം പള്ളി, പഴമ പേറുന്ന എടത്വാ പള്ളി, പരുമല ദേവസ്വം ബോര്‍ഡ് കോളേജ്, പുളിക്കീഴ് പമ്പാ ഷുഗര്‍ ഫാക്ടറി എന്നിവയും പമ്പയുടെ തീരങ്ങളെ സമ്പന്നമാക്കുന്നു.

രണ്ടായിരത്തില്‍ പരം സ്ക്വയര്‍ മീറ്റര്‍ വിസ്ത്രിതിയില്‍ പടര്‍ന്നു കിടക്കുന്ന പമ്പയെ ആയിരത്തില്‍ പരം വരുന്ന ചെറു തോടുകളും അരുവികളും ഊര്‍ജ്ജസ്വലയാക്കുമ്പോള്‍ പമ്പ ഒരു നദിയെന്നതിലുപരി ദേശത്തിന്റെ മനസ്സും ശരീരവുമായി മാറുന്നു.

Tagged Keywords: Parumala, Pampa River
ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 296
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 452
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 427
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 300

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in