Home » ലേഖനങ്ങള്‍
ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ
Category :- ലേഖനങ്ങള്‍ Author :- Fr. Johny Chittemariyil 
Posted on September 10, 2014, 6:15 pm

Click to Enlarge!

ജർമനിയിലെ കൊളോണിൽ റൈൻ നദിക്ക് കുറുകെയായി ഒരു പാലമുണ്ട്. ഈ പാലത്തിന്റെ രണ്ടു വശങ്ങളിലുമുള്ള ഇരുമ്പുകമ്പികൾ നിറയെ പലവിധത്തിലുള്ള താഴുകളാണ്. ആ ദേശത്തെ നവദമ്പതികൾ അവരുടെ പേരുകളുള്ള സ്ലിപ്പുകൾ ചരടിൽ കോർത്ത് താഴുകളിൽ കെട്ടിയതിനുശേഷം ആ താഴുകൾ പാലത്തിന്റെ വശങ്ങളിലുള്ള കമ്പികളിൽ പൂട്ടിയിടുന്നു. അതിനുശേഷം അതിന്റെ താക്കോൽ റൈൻ നദിയുടെ പ്രവാഹത്തിലേക്ക് വലിച്ചെറിയും. ആ പൂട്ടിയ താഴുകൾ ഇനി ഒരിക്കലും തുറക്കാൻ പറ്റാത്തതുപോലെ ആ ദമ്പതികളുടെ ദാമ്പത്യബന്ധവും ദൃഢമായിരിക്കണം എന്നവർ ആശിക്കുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിന് താഴുകൾ ആ പാലത്തിനിരുവശവും തൂങ്ങിക്കിടക്കുന്നുണ്ട്. തങ്ങളുടെ വിവാഹബന്ധത്തിന്റെ ഗാഢത വ്യക്തമാക്കാൻ എന്നപോലെ ചിലർ വളരെയധികം വലിപ്പമുള്ള താഴുകളിട്ടാണ് പൂട്ടിയിരിക്കുന്നത്. ഈ ആവശ്യത്തിനുവേണ്ടി പലതരത്തിലുള്ള താഴുകൾ വില്ക്കുന്ന പ്രത്യേക കടകൾപോലും കൊളോൺ നഗരത്തിലുണ്ട്.

 

Click to Enlarge!

ഒരിക്കലും വിട്ടുപോകാത്തവിധം ഒന്നായിരിക്കാനുള്ള ആഗ്രഹത്തിന്റെ പ്രതീകമായി നവദമ്പതികൾ താഴുകൾ പൂട്ടി താക്കോൽ നദിയിലെറിയുന്നുവെങ്കിലും ജർമനിയിലെ വിവാഹമോചനനിരക്ക് 70 ശതമാനമാണ്. അതായത് വിവാഹമോചനം പ്രോത്സാഹിപ്പിക്കപ്പെടുന്ന സംസ്‌കാരത്തിലും വിവാഹിതരാകുന്നവരെല്ലാം ആഗ്രഹിക്കുന്നത് തങ്ങളുടെ ബന്ധം ഒരിക്കലും വേർപെടരുതെന്നാണ്. എന്നിട്ടും എന്തുകൊണ്ട് താഴുകൾക്ക് തുരുമ്പു പിടിക്കുന്നതിനുമുൻപ് ബന്ധങ്ങൾ ജീർണിക്കുന്നു? ഒരു പ്രധാന കാരണം ഇതാണ്: ത്യാഗത്തിനുള്ള മനഃസ്ഥിതിയില്ലായ്മ.

 

Click to Enlarge!

സ്വപ്നങ്ങളും പ്രതീക്ഷകളും എത്ര ഉത്കൃഷ്ടമാണെങ്കിലും ത്യാഗം സഹിക്കാൻ കഴിവില്ലാത്തവർക്ക് ഒന്നും യാഥാർത്ഥ്യമാക്കാൻ കഴിവുണ്ടാകുകയില്ല. കുടുംബജീവിതത്തിലും സമർപ്പിതജീവിതത്തിലും മാത്രമല്ല, ജോലിസ്ഥലത്തും ശുശ്രൂഷാമേഖലകളിലും ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ അതിജീവിക്കണമെങ്കിൽ ത്യാഗം സഹിക്കാൻ കഴിവുണ്ടാകണം. സ്വാർത്ഥതയാണ് ഈ കഴിവിനെ നമ്മിൽനിന്ന് അപഹരിച്ചുകളയുന്നത്. സ്‌നേഹത്തിന്റെ എതിർഭാവം എന്നു പറയുന്നത് വെറുപ്പല്ല. പ്രത്യുത സ്വാർത്ഥതയാണ്. ഒരു മിസ്റ്റിക്കിന് ശുദ്ധീകരണസ്ഥലത്തെക്കുറിച്ചുണ്ടായ സ്വകാര്യ വെളിപാട് ഇങ്ങനെയാണ്: ''ശുദ്ധീകരണ സ്ഥലത്ത് പ്രധാനമായും സംഭവിക്കുന്നത് നമ്മുടെ ആത്മാവിന്റെ സ്വാർത്ഥതയുടെ ഉരിഞ്ഞുമാറ്റലാണ്. അതിലൂടെ നാം സ്‌നേഹിക്കാൻ പ്രാപ്തിയുള്ളവരായിത്തീരുന്നു. സ്‌നേഹിക്കാൻ പഠിക്കാത്തവർക്ക് സ്‌നേഹംതന്നെയായ ദൈവത്തോടൊത്ത് നിത്യതയിൽ ആനന്ദിക്കാനാകില്ലല്ലോ.''

''സാമൂഹ്യതിന്മകളായ വ്യഭിചാരം, മോഷണം, കൊലപാതകം ഇവയൊന്നും ചെയ്യാതെ ഭക്താനുഷ്ഠാനങ്ങളൊക്കെ മുറതെറ്റാതെ അനുഷ്ഠിച്ചാലും സ്വന്തം സുഖവും സന്തോഷവും ലക്ഷ്യമാക്കി ജീവിക്കുന്ന ആത്മാവ് ശുദ്ധീകരണസ്ഥലത്ത് കൂടുതൽ വേദന സഹിക്കേണ്ടിവരുന്നു. സ്വാർത്ഥതയുടെ തോത് വർധിക്കുന്നതനുസരിച്ച് ശുദ്ധീകരണസ്ഥലത്തെ വേദനയുടെ തീവ്രതയും വർധമാനമായിരിക്കും.''

 

Click to Enlarge!

ഈ ചിന്തകളുടെ വെളിച്ചത്തിൽ നമ്മുടെ ആധ്യാത്മികതയെ ഒന്നു വിലയിരുത്തുന്നത് പ്രയോജനകരമായിരിക്കും. സ്‌നേഹമാണ് ആത്മീയതയുടെ കാമ്പ്. സ്‌നേഹം ത്യാഗവും കുരിശും ഏറ്റുവാങ്ങും. നമ്മുടെ കുടുംബത്തിനും സമൂഹത്തിനും സഭയ്ക്കും ലോകത്തിനുംവേണ്ടി എത്രമാത്രം കുരിശുകൾ ഞാൻ സ്വയം ഏറ്റെടുക്കുന്നുണ്ട് - പ്രാർത്ഥനയിൽ, അധ്വാനത്തിൽ, ദീർഘക്ഷമയിൽ.... സ്വന്തം സുഖത്തെയും സന്തോഷത്തെയും അപരനുവേണ്ടി ഉപേക്ഷിക്കാൻ എനിക്കെത്രമാത്രം സാധിക്കുന്നുണ്ട്? അത്രയേ ഉള്ളൂ എന്റെ ആത്മീയത.

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 296
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 452
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 427
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 300

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in