Home » ലേഖനങ്ങള്‍
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
Category :- ലേഖനങ്ങള്‍ Author :- സെബിൻ എസ്. കൊട്ടാരം 
Posted on March 26, 2017, 3:35 pm

Click to Enlarge!

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല, ഇതു മുഴുവൻ ഞാനെങ്ങനെ ചെയ്തു തീർക്കും. നാളെത്തൊട്ടാകട്ടെ ചെയ്തു തുടങ്ങാം..

ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസത പിടി മുറുക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിന്തകളാണിവ. ജീവിതത്തിൽ അത്യാവശമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളുളളപ്പോൾ അതുമാറ്റിവച്ചിട്ട് നിസാരമായ കാര്യങ്ങളുടെ പിന്നാലെ ഇത്തരക്കാർ നീങ്ങും. ടിവിയും ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമെല്ലാം അലസതയുടെ ആധിക്യം കൂട്ടും. അത്യാവശമായി ചെയ്യേണ്ട കാര്യത്തിനായി തയാറെടുക്കുമ്പോഴായിരിക്കും വെറുതെ ഫെയ്സ് ബുക്ക് ഒന്നുനോക്കാൻ തോന്നുന്നത്. അതോടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളും നോക്കി സമയം പാഴാക്കുന്നു. ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയി ലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും. ഇത് മറ്റുളളവരോട് അസൂയ ഉണ്ടാക്കുകയും സ്വയം അപകർഷതാബോധവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുകയും ചെയ്യും.

തുടർച്ചയായ ജോലിയും മറ്റും ചെയ്ത് ക്ഷീണിച്ചശേഷം അൽപസമയം അലസമായി ഇരിക്കുന്നത് പോസിറ്റീവായ കാര്യമാണ്. ശരീരത്തിനും മനസ്സിനും അത് കൂടുതൽ ഊർജം പ്രദാനം ചെയ്യും. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതുവരെ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ടിവിയുടെ മുമ്പിലും സോഷ്യൽ മീഡിയായിലും ചാറ്റിങ്ങിലും ഫോണിലും മറ്റുമായി സമയം ചെലവഴിക്കുമ്പോൾ അത് പ്രായത്തിൽ യൗവ്വനമായവരെപ്പോലും വാർധക്യം നിറഞ്ഞ മനസ്സിലേക്ക് നയിക്കുന്നു. അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് പറയാറുണ്ട്. രാവിലെ വൈകി എഴുന്നേൽക്കും. എഴുന്നേറ്റാലുടൻ ആദ്യം സ്മാർട്ട് ഫോണെടുത്ത് ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ചെക്ക് ചെയ്യും. താമസിച്ച് പ്രഭാത കൃത്യങ്ങൾ ചെയ്യും. ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് സമയമൊന്നുമില്ല. കുറേനേരെ ടിവിയുടെ മുമ്പിലിരിക്കും. പത്രം വന്നാൽ പിന്നെ അതുമായി കുറേസമയം. ഭക്ഷണം കഴിച്ചാൽ ഒന്നുകിടക്കണമെന്ന് തോന്നും. വീണ്ടും വിശ്രമം. മണിക്കൂറുകൾ കഴിഞ്ഞാവും എഴുന്നേൽക്കുക. എഴുന്നേറ്റാൽ വീണ്ടും ഭക്ഷണം. ചിലപ്പോൾ പുറത്തേക്ക് ഒന്നുപോയെന്നിരിക്കും. വീണ്ടും ടിവി, സോഷ്യൽ മീഡിയ. ഒടുവിൽ രാത്രി വൈകി ഉറക്കം അലസത മുഖമുദ്രയാക്കിയ ചിലരുടെ ജീവിതചര്യയാണിത്. അലസതയ്ക്ക് പ്രായഭേദമൊന്നുമില്ല. വിദ്യാർഥി മുതൽ റിട്ടയർ ചെയ്തവരുടെ വരെ ജീവിതത്തിൽ അവരെ ഇതുപിടിമുറുക്കുന്നു.

പറമ്പിൽ അത്യാവശം റബർ ഉളളതുകൊണ്ട് വരുമാനത്തിന് മുട്ടില്ല. കാര്യമായ പരിചരണം റബറിന് ആവശ്യമില്ലാത്തതുകൊണ്ട് രാവിലെ റബർ വെട്ടിക്കഴിഞ്ഞാൽ പിന്നെ ഫ്രീയാണ്. അതോടെ അൽപം രാഷ്ട്രീയം, പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ. വളരെനാൾ വിദേശത്ത് ജോലി ചെയ്തതാണ്. നാട്ടിലെത്തി ബാങ്കിൽ പണം ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതിന്റെ പലിശ നല്ലൊരു തുക മാസം കിട്ടും. അതോടെ അതും വാങ്ങി ജീവിതം. റിട്ടയർമെന്റിനുശേഷം വൊളന്ററി റിട്ടയർമെന്റ് എടുത്തതിന്ശേഷം കെട്ടിട വാടകയും മറ്റുമായി അത്യാവശം വരുമാനമുളളപ്പോൾ, ജോലിക്കായി കാത്തിരിക്കുന്ന കാലം, പഠനകാലയളവിൽ, ജോലിക്കിടെ……ഒക്കെ അലസത പലരിലും വേര് പടർത്തുന്നു.

കാരണം പലതാണെങ്കിലും അലസത ഒരാളുടെ മനസ്സിന്റെ ശക്തിയെ കാർന്നുതിന്നുന്നു. നിഷേധാത്മക വികാരങ്ങളായ അസൂയ, അസഹിഷ്ണുത, അകാരണമായ ദേഷ്യം, തുടങ്ങിയവ ഒരാളിൽ സൃഷ്ടിക്കപ്പെടുന്നതിനും ചെയ്യുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം കുറയുന്നതിനും അലസത ഇടയാക്കുന്നു. അലസരായവർ സ്വയം വിലമതിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ആത്മാഭിമാനം കുറവായിരിക്കും. എന്തിനേയും ഏതിനേയും ഇത്തരക്കാർ വിമർശിക്കും. താൻ ആഗ്രഹിച്ച ജീവിതമല്ല ഇപ്പോൾ നയിക്കുന്നതെന്ന ചിന്ത ഇത്തരക്കാരിൽ ഇടയ്ക്കിടെ വരുന്നതിനാൽ മറ്റുളളവരുമായി സ്വയം താരതമ്യപ്പെടുത്തി അവരുടെ ഒപ്പം താൻ എത്തിയില്ലല്ലോയെന്ന ചിന്ത എപ്പോഴും കൊണ്ടു നടക്കും. ഇത് ആത്മവിശ്വാസം കുറയ്ക്കാൻ ഒരു കാരണമാണ്. പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഇത്തരക്കാർ വിമുഖത കാണിക്കാറുണ്ട്. മറ്റുളളവരെ അഭിമുഖീകരിക്കാനുളള താൽപര്യക്കുറവാണ് കാരണം. ഒരൽപം ശ്രദ്ധിച്ചാൽ ജീവിതത്തിലെ ഏതു കാലഘട്ടത്തിലും അവസ്ഥയിലും അലസത മാറ്റി ജീവിതത്തെ ക്രിയാമ്തകമാക്കി മാറ്റാൻ സാധിക്കും. ക്രിയാത്മക ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും. അതിനുളള വഴികൾ.

1. ലക്ഷ്യങ്ങൾ കാണുക

ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ കാണുക. കുടുംബ ജീവിതം, ജോലി, ബിസിനസ്, ശാരീരിക– മാനസിക ആരോഗ്യം, വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എന്നിവയിലൊക്കെ വ്യക്തമായ ലക്ഷ്യങ്ങൾ മനസ്സിൽ കാണുക. ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമയം നിശ്ചയിക്കുക. ഒരു ഡയറിയിൽ കുറിച്ചിട്ട് ഓരോന്നായി പൂർത്തിയാക്കുക.

2. ലക്ഷ്യങ്ങളെ വിഭജിക്കുക

ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് പിഎച്ച്ഡി ചെയ്യുകയാണ് നിങ്ങളെന്ന് കരുതുക. അവിടെ ലക്ഷ്യങ്ങളെ പലതായി വിഭജിക്കുക. ഓരോ ചെറിയ ഭാഗങ്ങൾ ചെയ്യുക. ഇപ്പോൾ തീസീസ് എഴുതേണ്ട ഘട്ടത്തിൽ അതിന് മുമ്പായി ചെയ്യേണ്ട ഡേറ്റാ കളക്ഷനും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസും മറ്റും പൂർത്തിയാക്കുക. അപ്പോൾ പടിപടിയായി ലക്ഷ്യത്തിലെത്താം. ലക്ഷ്യത്തെ ഒറ്റയടിക്ക് പിടിക്കാൻ നോക്കാതെ ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെയായി ചെയ്യുക. പലതുളളി പെരുവെളളം എന്നാണല്ലോ ചൊല്ല്.

3. ഉറക്കം വിശ്രമം ആവശ്യത്തിന്

ഉറക്കം, വിശ്രമം എന്നിവ ആവശ്യത്തിന് വേണം. അമിതമായാൽ അമൃതും വിഷമാണ്. എപ്പോഴും ഉറക്കം തൂങ്ങിയിരുന്നാൽ അത് നിങ്ങളുടെ ക്രിയാത്മക ശേഷി നശിപ്പിക്കും. രാവിലെ നല്ല ശുദ്ധവായു ശ്വസിച്ച് അൽപദൂരം നടക്കുക. ആ ഒരു ഊർജം ദിവസം മുഴുവൻ നിങ്ങളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കും.

4. പ്രചോദനം അത്യാവശം

ചിലപ്പോൾ വേണ്ടത്ര പ്രചോദനം ലഭിക്കാത്തതുകൊണ്ടാവും ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. നല്ല പ്രചോദനാത്മക പുസ്തകങ്ങൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ എന്നിവ വായിക്കുക, ട്രെയ്നിങ്ങുകളിൽ പങ്കെടുക്കുക, പ്രചോദനാത്മക വീഡിയോകളും പ്രചോദനമേകുന്ന സിനിമകളും കാണുക വഴിയൊക്കെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുളള ഊർജവും പ്രചോദനവും ലഭിക്കും.

5. നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക

നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുളള തടസ്സങ്ങളെയും ബുദ്ധിമുട്ടുകളേയും കുറിച്ച് ചിന്തിക്കാതെ, ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് മനസ്സ് ലക്ഷ്യത്തിലുറപ്പിക്കാനും അലസത മാറ്റി പ്രവർത്തിക്കാനും സഹായിക്കും.

6. നിഷ്ക്രിയമായാൽ സംഭവിക്കുന്നത്

നിങ്ങൾ അലസതയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് പ്രവർത്തിക്കാൻ പ്രേരണ നൽകും.

7. ഒരു സമയത്ത് ഒന്ന്

ഒരു സമയത്ത് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യുക. ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്ത പെട്ടെന്ന് മനസ്സ് മടുപ്പിക്കും. അതോടെ ഒന്നും ചെയ്യാനുളള മൂഡ് ഇല്ലാതാകും. ആകെ മടുപ്പും ക്ഷീണവുമാകും. എന്നാൽ ചെറുതാണെങ്കിലും ഓരോ കാര്യങ്ങൾ പൂർത്തിയാക്കുമ്പോൾ അത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ലക്ഷ്യത്തോട് അടുപ്പിക്കുകയും ചെയ്യും.

8. വിഭാവനം ചെയ്യുക

നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം മികച്ച രീതിയിൽ ചെയ്യുന്നതായി ഇടയ്ക്കിടെ മനസ്സിൽ വിഭാവനം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ഊർജവൽക്കരിക്കും. ഒപ്പം യഥാർഥ ലക്ഷ്യം നേടിയെടുക്കാനുളള ആത്മവിശ്വാസം പകരും.

9. മനസ്സിനെ ധൈര്യപ്പെടുത്തുക.

നിങ്ങളേക്കുറിച്ച് തന്നെയുളള നല്ല വാക്കുകൾ ഇടയ്ക്കിടെ മനസ്സിനോട് ആവർത്തിച്ചു പറയുക. പഴയ കാലനേട്ടങ്ങളാവാം. മറ്റുളളവർ നിങ്ങളേക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാവാം, അത് ഇടയ്ക്കിടെ പറയുന്നത് ശീലമാക്കുക. പഴയ കാലനേട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഓർമ്മകളും ഇടയ്ക്കിടെ പൊടിതട്ടിയെടുക്കുന്നതും നിങ്ങളേക്കുറിച്ചുളള പോസിറ്റീവ് ചിന്ത വർധിപ്പിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കും.

10. നാളത്തേക്ക് മാറ്റിവെയ്ക്കരുത്

ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന തരത്തിലുളള ചിന്തകളെ മനസ്സിൽ നിന്ന് പിഴുതെറിയുക. ഇപ്പോൾ ചെറുതായെങ്കിലും തുടക്കമിടാം എന്ന് ചിന്തിക്കുക. പ്രവർത്തിക്കുക.

11. വിജയികളിൽ നിന്ന് പാഠം പഠിക്കുക

ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം വരിച്ചവർ എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കുക. നല്ല ആളുകളുമായി സംസർഗം പുലർത്തുക. ഇത് വിജയികളുടെ ശീലങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.

12. സമയം കൊല്ലികൾ വേണ്ട

ടിവി, സോഷ്യൽ മീഡിയ, ഫോൺ, ചാറ്റിങ്, പരദൂഷണം പറച്ചിൽ എന്നിവ വഴിയായി അനാവശ്യമായി സമയം കളയുന്നത് ഒഴിവാക്കുക. ടിവിയും സോഷ്യൽ മീഡിയായും ഫോണും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

13. ഇഷ്ടം സൃഷ്ടിക്കുക

ഏതൊരു കാര്യം ചെയ്യണമെങ്കിലും അതിനോട് ആദ്യം നമുക്ക് ഇഷ്ടം തോന്നണം. നാം ചെയ്യേണ്ട കാര്യങ്ങളോട് ഇഷ്ടം തോന്നാൻ അതുമൂലമുളള പ്രധാന ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ ആ പ്രവർത്തിമൂലമുണ്ടാകാൻ പോകുന്ന ശുഭകരമായ മാറ്റങ്ങളെക്കുറിച്ച് സ്വപ്നം കാണുക. ഇത് ഒരു പ്രവർത്തി ചെയ്യാൻ തുടക്കമിടാനുളള ഊർജം മനസ്സിൽ സൃഷ്ടിക്കും.

14. ഒഴിവാക്കുന്നവയ്ക്കായി സമയം

നിങ്ങൾ പലപ്പോഴും ചെയ്യേണ്ട കാര്യമാണെങ്കിലും ഒഴിവാക്കുന്ന ചിലതുണ്ട്. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി ചെറിയ തുടക്കമിടുക. കുറേശ്ശെ കുറേശ്ശെയായി അവ ചെയ്യുന്നത് നിങ്ങളുടെ മനസ്സിലെ കുറ്റബോധവും മനഃസാക്ഷിക്കുത്തും മാറ്റി ജീവിതം ക്രിയാത്മകമാക്കും.

15. വഴിമാറ്റുന്ന ഘടകങ്ങളെ അകറ്റുക

നിങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ശീലങ്ങൾ കണ്ടേക്കാം. മദ്യപാനം, പുകവലി, ചീട്ടുകളി, ചൂതുകളി, അമിത ഉറക്കം, അമിത ടിവി കാണൽ, അമിത സോഷ്യൽ മീഡിയ, ഫോൺ ഉപയോഗം എന്നിവ നിയന്ത്രിക്കുക. ഇത്തരം സാഹചര്യങ്ങളിലേക്ക് പോകാൻ പ്രേരണയുണ്ടാകുമ്പോൾ അവയിൽ നിന്ന് അകന്ന് നിൽക്കാനുളള മനക്കരുത്ത് നേടുക.

16. പ്രാർഥനയ്ക്ക് സമയം കണ്ടെത്തുക

ഈശ്വരനോട് ചേർന്ന് നിൽക്കുന്നിടത്തോളം അവിടുന്ന് നമ്മുടെ ജീവിതത്തിൽ നല്ലത് വരുത്തുമെന്ന് ചിന്തിക്കുക. പ്രാർഥിക്കാൻ സമയം കണ്ടെത്തുക. ഇത് മനസ്സിലെ നിഷേധാത്മക വികാരങ്ങളെ അകറ്റി സ്നേഹവും പ്രതീക്ഷയും നിറയ്ക്കും. അലസതയും അസൂയയും മാറ്റാൻ ഈശ്വര സാന്നിധ്യം വഴിതെളിക്കും.

ബുദ്ധിമാനായ രാജാവു
സുഖലോലുപന്മാരായ രാജാ....
Page Views: 337
അതിർവരമ്പു വേണം ചില സൗഹൃദങ്ങളിൽ
ഓഫിസിലെ ഒരു വ്യക്തിക്....
Page Views: 297
അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം
ദിവസവും മണിക്കൂറുകളോ....
Page Views: 455
പെണ്ണ് പെണ്ണായി തീരുന്നത് എങ്ങനെ?
ബുദ്ധിമതിയായ സ്ത്രീയ....
Page Views: 427
ദാമ്പത്യ വിജയത്തിലെ മനഃശാസ്ത്ര വഴികൾ
നിസാരകാര്യങ്ങളുടെ പേ....
Page Views: 304

Our Radio

www.heavenlyradio.org

www.ragamradio.com

Our Websites

www.sathyavedapusthakam.com

www.thesaintofparumala.com

www.sadhukochukunjuupadesi.com
 
www.parumala.in